പശ്ചിമഘട്ടത്തിൽ ലോക പ്രകൃതി പൈതൃക പട്ടിക പദ്ധതി നടപ്പാക്കുന്നതിനുള്ള ഏഴാമത്തെ കരടു വിജ്ഞാപനം ജൂലൈ 27ന് കേന്ദ്ര -വനം പരിസ്ഥിതി മന്ത്രാലയം വീണ്ടും ഇറക്കിയിരിക്കുകയാണ്. തെക്കൻ തമിഴ്നാട്ടിലെ കന്യാകുമാരിയിൽനിന്ന് ആരംഭിച്ച് കേരളത്തിന്റെ കിഴക്കൻ മലമേഖലയിലൂടെ തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗോവ വഴി ഗുജറാത്തിന്റെ മൂലയ്ക്ക് എത്തി അവസാനിക്കുന്ന മലനിരകളാണ് പശ്ചിമഘട്ടം.
ചെറുപട്ടണങ്ങളും നഗരങ്ങളുമായി അഞ്ച് കോടിയിലധികം ജനങ്ങൾ കൃഷിയും വ്യാപാരവും മറ്റു തൊഴിലുകളും ചെയ്ത് ജീവിക്കുന്ന പ്രദേശമാണ് പശ്ചിമഘട്ടം. ഇവരുടെ ഭൗതിക ജീവിതത്തിനുള്ള ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ എല്ലാം ഈ പ്രദേശത്തുണ്ട് പശ്ചിമഘട്ട പ്രകൃതി പൈതൃക പദ്ധതി നടപ്പാക്കുന്നതോടുകൂടി ഈ പ്രദേശം ഇക്കോളജിക്കൽ സെൻസിറ്റീവ് ഏരിയ (ഇഎസ്എ) ആയി മാറുന്നതാണ്. അതോടെ കൃഷി ചെയ്യാനും ഇന്നത്തേതുപോലെ മറ്റു തൊഴിലുകൾ ചെയ്യാനും 20000 അടിയിൽ കൂടുതലുള്ള നിർമാണ പ്രവർത്തനങ്ങൾക്കും 50 സെന്റിൽ കൂടുതലുള്ള ടൗൺഷിപ്പുകൾ നിർമിക്കുന്നതിനും തടസമുണ്ടാകും.
ഖനനങ്ങളും കന്നുകാലി വളർത്തലും അസാധ്യമാകും. വനം പരിസ്ഥിതി നിയമങ്ങളുടെ പൂർണ നിയന്ത്രണത്തിലാകും. ജനജീവിതം വഴിമുട്ടുകയും ചെയ്യും. ഉപജീവനമാർഗം നിഷേധിക്കപ്പെടുന്ന ജനങ്ങൾ സ്വമേധയാ തങ്ങളുടെ വീടും സ്വത്തും വിട്ടൊഴിഞ്ഞ് മറ്റ് ജീവിതമാർഗങ്ങൾ തേടിപ്പോകും. പിന്നീട് അവിടമെല്ലാം വനം വന്യജീവി കേന്ദ്രമായി മാറും.
കാസർഗോഡ്, ആലപ്പുഴ എന്നിവ ഒഴികെയുള്ള 12 ജില്ലകളിലെ 38 താലൂക്കുകളിലും 134 വില്ലേജുകളിലുമായി നൂറ്റാണ്ടുകളായി അധിവസിച്ചുവരുന്ന ഒരു കോടിയിലധികം മനുഷ്യരെയാണ് ക്രൂരമായ ഈ ദുഃസ്ഥിതി ബാധിക്കുന്നത്. ഇത്തരമൊരു പ്രദേശം ലോക പൈതൃക പട്ടികയിൽപെടുത്തിയത് തെറ്റായ റിപ്പോർട്ടുകളും ബാഹ്യശക്തികളുടെ കടുത്ത സമ്മർദവും മൂലമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
കേരളത്തിലെ പശ്ചിമഘട്ട മേഖലയിൽ പ്രധാനമായും ചെറുകിട കർഷകരാണുള്ളത്. ജന്മിത്വം നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽനിന്നു ഭൂമി പിടിച്ചെടുക്കുന്നതുപോലെ ഇവിടെ കഴിയില്ല. ഇതാണ് പൈതൃക പട്ടികയിൽ കേരളത്തെ പെടുത്തുന്നതിനുള്ള പ്രധാനമായ തടസം.
പ്രതിഷേധം അവഗണിച്ചു
2006ലാണ് പശ്ചിമഘട്ടത്തെ ലോക പ്രകൃതി പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്ന് യുനെസ്കോയ്ക്ക് ഇന്ത്യ അപേക്ഷ സമർപ്പിച്ചത്. ഈ അപേക്ഷ പരിശോധിച്ച വിദഗ്ധ സമിതി ജനവാസമേഖലയും ആദിവാസികളും ഉള്ള പ്രദേശമായതിനാൽ അപേക്ഷ നിരസിച്ചു. വനം-പരിസ്ഥിതി സംരക്ഷണത്തിന് പ്രാമുഖ്യം നൽകുന്നവർ അവരുടെ പരിശ്രമം ശക്തമായി തുടർന്നുകൊണ്ടിരുന്നു. മാധവ് ഗാഡ്ഗിൽ കമ്മിറ്റി വന്നു. കമ്മിറ്റി 2011 ൽ റിപ്പോർട്ട് സമർപ്പിച്ചു.
കേന്ദ്രമന്ത്രിസഭ അംഗീകരിക്കുകയും ചെയ്തു. ഇത്രയും പ്രധാനപ്പെട്ട കാര്യത്തിൽ സർക്കാർ തീരുമാനം ഏകപക്ഷീയമായിരുന്നു. ഇതിനെതിരേ പശ്ചിമഘട്ട മേഖലയിൽ, വിശേഷിച്ച് കേരളത്തിൽ വലിയ പ്രതിഷേധമുണ്ടായി. എല്ലാം അവഗണിച്ച് 2012ൽ യുനെസ്കോ പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽപ്പെടുത്തി. ജയറാം രമേശ് ചെയർമാനായ ബംഗളൂരുവിലെ അശോക ട്രസ്റ്റിന്റെ റിപ്പോർട്ട്, യുനെസ്കോയുടെ കീഴിലുള്ള ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) ശിപാർശ ചെയ്യുകയും മുമ്പ് പരിസ്ഥിതി - വനം സംരക്ഷണത്തിനായി നിർമിച്ചിട്ടുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കുമെന്നും ഇതിന്റെ ഏകോപനത്തിനായി പ്രത്യേക സംവിധാനം ഉണ്ടാക്കിയെന്നും സർക്കാർ ഉറപ്പ് നല്കുകയും ചെയ്തതാണ് യുനെസ്കോയെ നിർബന്ധിതമാക്കിയത്. തന്റെ റിപ്പോർട്ട് ഇതിനു സഹായകമായി എന്ന് മാധവ് ഗാഡ്ഗിൽ പിന്നീട് പറയുകയുണ്ടായി.
കേരളത്തിലെ വനത്തെക്കാൾ കൂടുതൽ പ്രദേശം 13108 ചതുരശ്ര കിലോമീറ്റർ ഇഎസ്എ എന്നായിരുന്നു മാധവ് ഗാഡ്ഗിലിന്റെ കണ്ടെത്തൽ. ഇതിനെതിരായി വീണ്ടും പ്രതിഷേധം വന്നപ്പോൾ ഡോ. കസ്തൂരിരംഗനെ നിയമിച്ചു. അദ്ദേഹവും ഈ റിപ്പോർട്ട് അംഗീകരിച്ചു. തുടർന്ന് ഉമ്മൻ വി. ഉമ്മൻ ചെയർമാനായി മൂന്നഗ കമ്മിറ്റിയെ സർക്കാർ നിയമിച്ചു. ഈ കമ്മിറ്റി ഏരിയയും വില്ലേജുകളുടെ അളവും കുറച്ച് 124 വില്ലേജുകളിലായി 9993.7 ച.കിലോമീറ്റർ പരിസ്ഥിതി ദുർബല മേഖലയായി നൽകിയ റിപ്പോർട്ട് 2014 മാർച്ച് മാസം പത്തിന് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ച്, ഇഎസ്എ കരട് വിജ്ഞാപനമിറക്കി.
എൽഡിഎഫ് സർക്കാർ 2018ൽ 8656 ചതുരശ്ര കിലോമീറ്ററും, ഇഎസ്എ നിർണയിച്ചു നൽകിയതും കേന്ദ്രം അംഗീകരിക്കാത്ത സാഹചര്യത്തിൽ വീണ്ടും വിശദമായ പഠനത്തിനുശേഷം 8690 കിലോമീറ്റർ ഇഎസ്എയായി കണ്ടെത്തി 2024 വീണ്ടും കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും കേന്ദ്രം ഇതു അംഗീകരിച്ചില്ല.
പുതിയ ചിന്ത വേണം
കസ്തൂരിരംഗൻ റിപ്പോർട്ടിൽ പറയുന്നത് 100 ആളുകൾ ഒരു ചതുരശ്ര കിലോമീറ്ററിൽ ഉണ്ടെങ്കിലോ 20 ശതമാനത്തിലധികം വനവിസ്തൃതി ഇല്ലെങ്കിലോ ഈ പ്രദേശത്തെ ഇഎസ്എയിൽനിന്ന് ഒഴിവാക്കണമെന്നാണ്. കേരളത്തിൽ ഇതു രണ്ടുമില്ലയെന്നതാണ് വസ്തുത. ഒരു പ്രദേശമോ ഒരു സ്ഥാപനമോ ലോകപൈതൃകമായി മാറുമ്പോൾ അതുമായി ബന്ധപ്പെട്ട ജീവിച്ചുവരുന്ന മനുഷ്യരുടെ ഉപജീവനമാർഗത്തെയോ ജീവിതത്തെയോ പ്രതികൂലമായി ബാധിക്കുന്നുവെങ്കിൽ അത്തരം പ്രദേശങ്ങൾ ഒഴിവാക്കണമെന്നാണ് യുനെസ്കോയുടെ നിർദേശങ്ങളിലുള്ളത്. പ്രശ്നങ്ങൾ ഒന്നുമില്ല എന്നു ബോധ്യപ്പെട്ടതിനുശേഷം മാത്രമാണ് ഒരു പ്രദേശത്തെയോ നിർമിതിയെയോ ലോക പൈതൃകമായി യുനെസ്കോ പ്രഖ്യാപിക്കുന്നത്. ഇത് നമ്മളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതും ഈ പ്രതിസന്ധിയിൽനിന്നു വെളിയിൽ കടക്കാനുള്ള നല്ല മാർഗവും ആണ്.
ഒമാനിൽ ലോക പൈതൃക പട്ടികയിൽ പെടുത്തിയ പ്രദേശത്തിന്റെ വ്യാപ്തി വെട്ടിക്കുറച്ചിരുന്നു. എണ്ണസാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഒമാൻ സർക്കാരിന്റെ ആവശ്യപ്രകാരമായിരുന്നു ഇത്. പ്രദേശം എണ്ണ ഖനനത്തിന് വിട്ടുകൊടുക്കുകയും ചെയ്തു. എങ്കിലും കാര്യങ്ങൾ എളുപ്പമല്ല. രാജ്യാന്തര കരാറുകൾ തടസമാകും.
പൈതൃകപ്രദേശമായി പ്രഖ്യാപിച്ചാൽ അത് ലോകത്തിന്റേതാണ്. അതിന്റെ ലോക്കൽ കസ്റ്റോഡിയൻ മാത്രമായി രാജ്യം മാറും. പശ്ചിമഘട്ടം ഇന്ത്യക്കാരുടെ മാത്രം പൈതൃകമാണ്. അത് ലോകത്തിന് പങ്കുവയ്ക്കരുത്.
സംസ്ഥാന സർക്കാർ മനസ് തുറന്ന് ഒരു പുതിയ സമീപനം സ്വീകരിക്കാൻ തയാറാകണം. കേരളത്തിന്റെ യഥാർഥ പ്രശ്നം യുനെസ്കോയെ നേരിട്ടു ബോധ്യപ്പെടുത്താൻ തീരുമാനിക്കണം. എന്നിട്ട് വേൾഡ് ഹെറിറ്റേജ് സമിതി വഴി ഈ ആവശ്യം യുനെസ്കോയുടെ മുമ്പിൽ നേരിട്ട് എത്തിക്കുകയും വേണം. കൂടാതെ ഈ കാര്യങ്ങൾ കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തി അതുവഴിയും സമ്മർദം വർധിപ്പിക്കണം.
(അഖിലേന്ത്യ കിസാൻ സഭ സംസ്ഥാനവൈസ് പ്രസിഡന്റും ദേശീയ സമിതി
അംഗവുമാണ് ലേഖകൻ.)